ആകാശവും ഭൂമിയും അല്ലാഹുവന്റെ ദൃഷ്ടാന്തമാണ്‌.

അവന്റെ ദൃഷ്‌ടാന്തങ്ങളില്‍പെട്ടതു തന്നെയാണ്‌, അവന്റെ കല്‌പനപ്രകാരം ആകാശവും ഭൂമിയും നിലനിന്നുവരുന്നതും, പിന്നീട്‌ ഭൂമിയില്‍ നിന്ന്‌ നിങ്ങളെ അവന്‍ ഒരൊറ്റ വിളി വിളിച്ചാല്‍ അപ്പോള്‍ നിങ്ങളതാ, പുറത്തുവരുന്നതാണ്‌! ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (മുഴുവനും) അവന്റേതാകുന്നു; എല്ലാവരും അവന്‌ കീഴടങ്ങുന്നവരത്രെ.(റൂം : 25, 26)


യാതൊരു തൂണും, പിടിയും, കൂടാതെ ഈ മഹാപ്രപഞ്ചം അതിന്റെതായ ചിട്ടയും വ്യവസ്ഥയും അനുസരിച്ച്‌ കറങ്ങിക്കൊണ്ടിരിക്കുന്നു. ഭൂമി ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. മേഘവും വായുവും അതിനുമീതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ അതിനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്നു- മറ്റു ചില ഉപഗ്രഹങ്ങളെപ്പോലെ- സൂര്യഗോളത്തെ വൃത്തം വെച്ചുകൊണ്ടിരിക്കുന്നു. സൂര്യനും, സൂര്യകുടുംബവും ചേര്‍ന്നു ആയിരക്കണക്കിലുള്ള ഇതര സൂര്യകുടുംബങ്ങളോടൊപ്പം വേറെ ഏതോ അതിബൃഹത്തായ ചില ഉന്നങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോന്നിലും സ്ഥിതി ചെയ്യുന്ന വസ്‌തുക്കളുടെ സൃഷ്‌ടിരഹസ്യങ്ങളെയോ, അതതില്‍ നടമാടിക്കൊണ്ടിരിക്കുന്ന നിത്യസംഭവങ്ങളെയോ സംബന്ധിച്ചും സ്വന്തം പാര്‍പ്പിടമായ ഭൂമിയെക്കുറിച്ചും അല്‌പജ്ഞനായ മനുഷ്യന്‌ ഒരു എത്തുംപിടിയുമില്ലതന്നെ. ഒരു വിഘ്‌നവും പറ്റാതെ ഇതെല്ലാം വ്യവസ്ഥാപിതമായ നിലയില്‍ സൃഷ്‌ടിച്ച്‌ നിലനിര്‍ത്തി നിയന്ത്രിച്ചുപോരുന്ന സ്രഷ്‌ടാവ്‌, കേവലം നിസ്സാരമായ ഈ ഭൂമിയുടെ നിശ്ചിത കാലാവധി എത്തുമ്പോള്‍, അതിലെ നിവാസികളെ ആകമാനം നശിപ്പിക്കുകയും അനന്തരം അവനുദ്ദേശിക്കുമ്പോള്‍ ഒരൊറ്റ വിളി വിളിച്ച്‌ അവരെയെല്ലാം അവന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്യുന്നു.
(അത്‌ ഒരൊറ്റ അട്ടഹാസമല്ലാതെ-മറ്റൊന്നും ആയിരിക്കില്ല. അപ്പോഴേക്കും അവര്‍ മുഴുവനും തന്നെ നമ്മുടെ അടുക്കല്‍ ഹാജരാക്കപ്പെടുന്നവരായിരിക്കും)  അല്ലാഹുവിന്റെ നിയമനിശ്ചയങ്ങള്‍ക്കു വിധേയമായിട്ടല്ലാതെ ജീവിതം, മരണം, രോഗം, ആരോഗ്യം, സുഖം, ദുഃഖം, അടക്കം, ഇളക്കം, കറക്കം ആദിയായ ഏതും സംഭവിക്കുന്നില്ല. എല്ലാം അവന്റെ നിയന്ത്രണത്തിനു വിധേയമാണ്‌. അതിനെ അതിലംഘിക്കുവാനോ, അതില്‍ നിന്നു കുതറിപ്പോകുവാനോ ഒരാള്‍ക്കും സാധ്യമല്ല. താല്‍ക്കാലികമായ ചില അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ അല്ലാഹു നല്‍കിയിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അവന്റെ വിധി വിലക്കുകള്‍ അനുസരിക്കാത്ത എത്രയോ ആളുകളുണ്ടെന്നതു വാസ്‌തവം തന്നെ. എന്നാല്‍ അതെല്ലാം അവന്‍ ശരിക്കും കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ആ സ്വാതന്ത്ര്യം അവസാനിക്കുന്നതോടുകൂടി അവരുടെ ആ കഴിവും അവസാനിക്കുന്നു. അല്ലാഹുവിന്റെ ശിക്ഷാ നടപടികള്‍ക്കു അവര്‍ തികച്ചും കീഴടങ്ങേണ്ടി വരുകയും ചെയ്യുന്നു.

No comments:

Post a Comment