പന്നിമാംസം കഴിക്കല്‍ നിഷിദ്ധം

ശവവും, രക്തവും, പന്നിമാംസവും അല്ലാഹു അല്ലാത്ത വര്‍ക്ക്‌ വേണ്ടി ശബ്‌ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ ഹറാമാക്കി [നിഷിദ്ധ മാക്കി]യിട്ടുള്ളൂ. എന്നാല്‍, (നിയ മലംഘനം) കാംക്ഷിക്കുന്നവനല്ലാ തെയും, അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ്‌, കരുണാനിധിയാണ്‌. (അല്‍ബക്വറഃ : 173)

മനുഷ്യരെ പൊതുവായും, സത്യവിശ്വാസികളെ പ്രത്യേകമായും സംബോധന ചെയ്‌തുകൊണ്ട്‌ ഈ ഭൂമിയിലെ വിശിഷ്‌ട വസ്‌തുക്കളെ ഭക്ഷിക്കുവാന്‍ അനുവദിച്ചുകൊടുത്ത അനുഗ്രഹത്തിന്‌ അവര്‍ നന്ദി ചെയ്‌വാനും, പിശാചിനെ പിന്‍പറ്റിക്കൊണ്ട്‌ ആ അനുഗ്രഹത്തെ അവഗണിക്കാതിരിക്കുവാനും കല്‍പിച്ച ശേഷം, വളരെ കുറഞ്ഞ വസ്‌തുക്കളെ മാത്രമേ യഥാര്‍ത്ഥത്തില്‍ അല്ലാഹു നിയമവിരുദ്ധമാക്കിയിട്ടുള്ളൂവെന്നും, അവ ഇന്നതൊക്കെയാണെന്നും ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. നിരോധിച്ച വസ്‌തുക്കള്‍ ആകെ നലെണ്ണമാണുള്ളത്‌. ഈ വചനത്തിന്‌ പുറമെ, സുറഃ മാഇദഃ 4-ലും ആന്‍ആം 145-ലും നഹ്‌ല്‍ 115-ലും ഈ വിഷയം പ്രസ്‌താവിച്ചിട്ടുണ്ട്‌. ഈ വചനത്തിലുള്ളതുപോലെ, പ്രത്യേക വിശദീകരണമൊന്നും കൂടാതെയാണ്‌ സൂറത്തുന്നഹ്‌ലിലെ ആയത്തും ഉള്ളത്‌. മാഇദഃയിലെയും, അന്‍ആമിലെയും ആയത്തുകളില്‍ വിഷയം കുറേകൂടി വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഇവിടെ ഒരു ചുരുങ്ങിയ വിവരണം കൊണ്ട്‌ മതിയാക്കി കൂടുതല്‍ വിവരം നമുക്ക്‌ ആ രണ്ട്‌ സൂറത്തുകളിലേക്കും നീട്ടിവെക്കാം.
(1) നിഷിദ്ധമാക്കപ്പെട്ട വസ്‌തുക്കള്‍ ഇവയാകുന്നു: ശവം അറവു കൊണ്ടല്ലാതെ - രോഗം കൊണ്ടോ പരുക്കുകൊണ്ടോ - ജീവന്‍ നഷ്‌ടപ്പെട്ട എല്ലാ ശവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, സമുദ്രത്തില്‍ നിന്നും വേട്ടയാടി പിടിക്കപ്പെടുന്ന വസ്‌തുക്കള്‍ ഇതില്‍ നിന്നും ഒഴിവാണെന്ന്‌ മാഇദഃ 99-ല്‍ നിന്നും, മല്‍സ്യവും വെട്ടുകിളിയും ഒഴിവാണെന്ന്‌ ഹദീഥുകളില്‍നിന്നും വ്യക്തമാകുന്നത്‌ കൊണ്ട്‌ കരജീവികളുടെ ശവമാണ്‌ ഉദ്ദേശ്യമെന്ന്‌ മനസ്സിലാക്കാം. നബി(സ്വ)പറയുന്നു: രണ്ട്‌ ശവങ്ങളും രണ്ട്‌ രക്തങ്ങളും നമുക്ക്‌ അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. അതായത്‌. മല്‍സ്യവും വെട്ടുകിളിയും, കരളും പ്‌ളീഹയും (അ;;ഹാ;) ജാബിര്‍ (റ) ഉദ്ധരിച്ച ഒരു പ്രസിദ്ധ സംഭവത്തില്‍, സമുദ്രത്തില്‍ നിന്നു കരക്കടിഞ്ഞ ഒരു ചത്ത തിമിംഗലത്തെ സ്വഹാബികള്‍ ഭക്ഷിച്ചതായും നബി(സ്വ)അതിനെ അനുകൂലിച്ചതായും ബുഖാരിയും മുസ്‌ലിമും (റ) ഉദ്ധരിച്ചിരിക്കുന്നു. 

(2) രക്തം: മാംസത്തില്‍ പറ്റിപിടിച്ചു നില്‍ക്കുന്ന രക്തത്തിന്‌ വിരോധമില്ലെന്നും ഒഴുകി വരുന്ന രക്തമാണ്‌ വിരോധിക്കപ്പെട്ടിരിക്കുന്നതെന്നും സൂറഃ അന്‍ആമിലെ 145-ാം ആയത്തില്‍ നിന്നും മനസ്സിലാക്കാം. അവിടെ ഒഴുക്കപ്പെട്ടത്‌ എന്ന്‌ രക്തത്തെ വിശേഷിപ്പിച്ചിട്ടുണ്ട്‌.


(3) പന്നിമാംസം: സാധാരണ നിലക്ക്‌ ഭക്ഷിക്കപ്പെടാറുള്ള മാംസമായതുകൊണ്ട്‌ മാംസം എന്ന്‌ പറഞ്ഞുവെങ്കിലും പന്നിയുടെ എല്ല്‌ മുതലായ അംശങ്ങളും വിരോധിക്കപ്പെട്ടതു തന്നെ. പന്നിയെ നിഷിദ്ധമാക്കുവാന്‍ കാരണം അത്‌ മ്‌ളേച്ഛമായ ഒരു വസ്‌തുവാണ്‌ എന്ന്‌ അന്‍ആമില്‍ പറയുന്നുണ്ട്‌. പന്നി അറുക്കപ്പെട്ടതായാലും അല്ലെങ്കിലും നിഷിദ്ധം തന്നെ.

(4) അല്ലാഹു അല്ലാത്തവര്‍ക്ക്‌വേണ്ടി ശബ്‌ദം ഉയര്‍ത്തപ്പെട്ടത്‌: അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും - അത്‌ വിഗ്രഹങ്ങളോ മഹാന്‍മാരോ പിശാചുക്കളോ ആരുതന്നെ ആയാലും ശരി-നാമത്തിലോ, അവരുടെ പ്രീതിക്കുവേണ്ടിയോ അറുക്കപ്പെട്ടത്‌ എന്നാണിത്‌കൊണ്ട്‌ വിവക്ഷ. അല്ലാഹു അല്ലാത്തവര്‍ക്ക്‌ നേര്‍ച്ചയോ വഴിപാടോ ആയി അറുക്കപ്പെട്ടതും, യാഗം, ബലി മുതലായവക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളില്‍ വെച്ച്‌ അറുക്കപ്പെട്ടതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്‌. അറുക്കപ്പെട്ടത്‌ എന്ന ഉദ്ദേശ്യത്തില്‍ ശബ്‌ദം ഉയര്‍ത്തപ്പെട്ടത്‌ എന്ന വാക്ക്‌ പ്രയോഗിച്ചതിനെപ്പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്‌താവിച്ചതിന്റെ സാരം ഇബ്‌നു ജരീര്‍(റ) പറയുന്നത്‌ കാണുക: മുശ്‌രിക്കുകള്‍ തങ്ങളുടെ ദൈവങ്ങള്‍ക്ക്‌ വഴിപാടാക്കപ്പെട്ടിരുന്ന വസ്‌തുക്കളെ അറുക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍, ആ ദൈവങ്ങളുടെ പേരുകള്‍ പറയുകയും അത്‌ ഉച്ചത്തില്‍ ശബ്‌ദിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങിനെ പതിവായിപ്പോന്ന്‌ അവസാനം ദൈവങ്ങളുടെ പേരുപറഞ്ഞോ പറയാതെയോ, ഉച്ചത്തില്‍ ശബ്‌ദിച്ചോ അല്ലാതെയോ അറുക്കുന്ന എല്ലാവര്‍ക്കും ശബ്‌ദം ഉയര്‍ത്തുന്നവന്‍എന്ന്‌ പറയപ്പെട്ടുവന്നു. അല്ലാഹു അല്ലാത്തവര്‍ക്ക്‌ വേണ്ടി ശബ്‌ദം ഉയര്‍ത്തപ്പെട്ടത്‌ എന്ന്‌ അല്ലാഹു പറഞ്ഞതിലെ ശബ്‌ദം ഉയര്‍ത്തല്‍ കൊണ്ട്‌ വിവക്ഷ ഇതാണ്‌. ഹജ്ജിലോ ഉംറഃയിലോ തല്‍ബിയത്ത്‌ പറയുന്നവന്‍ ശബ്‌ദം ഉയര്‍ത്താറുള്ളത്‌ കൊണ്ട്‌ അവനെപ്പറ്റി ശബ്‌ദം ഉയര്‍ത്തുന്നവര്‍ എന്ന്‌ പറയുന്നതും, ശിശു ജനിക്കുമ്പോള്‍ അത്‌ ഒച്ചയിട്ട്‌ കരയുന്നതിനും, മഴ നിലത്ത്‌ വീണ്‌ ഉച്ചത്തില്‍ ശബ്‌ദമുണ്ടാക്കുന്നതിനും ശബ്‌ദം ഉയര്‍ത്തിക്കാട്ടുക എന്ന്‌ പറയുന്നതും ഈ കൂട്ടത്തില്‍പെട്ടതാണ്‌. 

ഇബ്‌നു ജരീര്‍ (റ)ന്റെ പ്രസ്‌താവനയില്‍ നിന്ന്‌ ചില കാര്യങ്ങള്‍ നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയും: അറുക്കുമ്പോള്‍ ആരുടെ പേര്‌ പറഞ്ഞുവെന്നല്ല നോക്കേണ്ടത്‌. ആര്‍ക്ക്‌ വേണ്ടിയാണ്‌ - ആരുടെ പേരിലോ പ്രീതിക്കോ വേണ്ടിയാണ്‌-അറുക്കപ്പെടുന്നത്‌ എന്നാണ്‌ നോക്കേണ്ടത്‌. അല്ലാഹു അല്ലാത്ത ആരുടെ പേരിലോ `ആരുടെ പ്രീതിക്കോ' ആര്‍ക്ക്‌ നേര്‍ച്ച വഴിപാടായോ അറുക്കപ്പെട്ടാലും, അതെല്ലാം ഈ വാക്കില്‍ ഉള്‍പ്പെടുന്നതും ഭക്ഷിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവരില്‍ വിഗ്രഹങ്ങളും, മഹാന്‍മാരും, ദേവീദേവന്‍മാരും, വിശിഷ്‌ടന്‍മാരും, നികൃഷ്‌ടന്‍മാരും എന്നിങ്ങിനെയുള്ള വ്യത്യാസമില്ലാതെ എല്ലാ വസ്‌തുക്കളും ഉള്‍പ്പെടുന്നതാണ്‌. അലി (റ)യില്‍ നിന്ന്‌ മുസ്‌ലിം (റ) ഉദ്ധരിച്ച ഒരു നബി വചനത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ വേണ്ടി അറുത്തവനെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവീ (റ) ഇപ്രകാരം പ്രസ്‌താവിച്ചത്‌ കാണാം. അല്ലാഹു അല്ലാത്തവര്‍ക്ക്‌ വേണ്ടി അറുക്കുക എന്നത്‌ കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കുക എന്നാകുന്നു. അതായത്‌, വിഗ്രഹത്തിനോ, കുരിശിനോ, മൂസാ(അ)ക്കോ, ഈസാ(അ)ക്കോ, കഅ്‌ബഃ മുതലായതിനോ വേണ്ടി അറുക്കുന്നതുപോലെ. ഇതെല്ലാം ഹറാമാകുന്നു. ഈ അറുക്കപ്പെട്ടത്‌ ഭക്ഷിക്കല്‍ അനുവദനീയവുമല്ല. അറുത്തവന്‍ മുസ്‌ലിമോ, ക്രിസ്‌ത്യാനിയോ, യഹൂദിയോ ആയിക്കൊള്ളട്ടെ. ശാഫിഈ(റ) അത്‌ വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. നമ്മുടെ ആള്‍ക്കാര്‍ (പണ്ഡിതന്‍മാര്‍) അതില്‍ യോജിക്കുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവല്ലാത്ത ഏതൊന്നിനായി അറുക്കപ്പെട്ടുവോ അതിനെ ബഹുമാനിക്കലും ആരാധിക്കലും കൂടി അതോടൊപ്പം കരുതിയിട്ടുണ്ടെങ്കില്‍ അത്‌ കുഫ്‌റു (അവിശ്വാസവു)മാണ്‌. അറുത്തവന്‍ മുമ്പ്‌ മുസ്‌ലിമായിരുന്നാല്‍ അവനിപ്പോള്‍ മതഭ്രഷ്‌ടനാകുകയും ചെയ്‌തു.
സുല്‍ത്താന്റെ (ഭരണാധിപന്റെ)സ്വീകരണവേളയില്‍, അദ്ദേഹത്തിന്റെ സാമീപ്യം ഉദ്ദേശിച്ച്‌ കൊണ്ടുള്ള അറവ്‌ ഹറാമാണെന്നും അത്‌ അല്ലാഹു അല്ലാത്തവര്‍ക്ക്‌ വേണ്ടി അറുക്കപ്പെട്ട ()തില്‍ പെടുമെന്നും, അദ്ദേഹത്തിന്റെ വരവിലുള്ള സന്തോഷപ്രകടനമെന്ന നിലക്കാണെങ്കില്‍ വിരോധമില്ലെന്നുമുള്ള ചില അഭിപ്രായങ്ങളും തുടര്‍ന്ന്‌ കൊണ്ട്‌ നവവീ(റ) ഉദ്ധരിച്ചു കാണാം. അപ്പോള്‍, അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേര്‌ പറഞ്ഞു അറുത്താല്‍തന്നെയും അല്ലാഹു അല്ലാത്ത ഏതെങ്കിലും ആളുടെയൊ വസ്‌തുവിന്റെയോ ബഹുമാനാര്‍ത്ഥം അറുക്കുന്നതും നിഷിദ്ധമാണെന്ന്‌ ഇതില്‍നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്‌. ഈ വചനത്തില്‍ പ്രസ്‌താവിച്ച നാല്‌ വസ്‌തുക്കള്‍ക്ക്‌ പുറമെയാണെന്ന്‌ ബാഹ്യത്തില്‍ തോന്നാവുന്നതും, വാസ്‌തവത്തില്‍ ഈ നാലില്‍ തന്നെ ഉള്‍പ്പെടുന്നതുമായ ചില ഇനങ്ങളെപ്പറ്റി സൂറഃ മാഇദഃയിലും, ഇവക്ക്‌ പുറമെ നബ(സ്വ)ചില വസ്‌തുക്കളെക്കുറിച്ച്‌ വിരോധിച്ചതായി ഹദീഥുകളിലും കാണാം. ആദ്യത്തെതിനെപ്പറ്റി മാഇദഃ 4-ന്റെയും, രണ്ടാമത്തേതിനെപ്പറ്റി അന്‍ആം 145-ന്റെയും വ്യാഖ്യാനത്തില്‍ നമുക്ക്‌ സംസാരിക്കാം.
ഈ നാലു വസ്‌തുക്കളും നിഷിദ്ധങ്ങളാകകൊണ്ട്‌ അവ ഉപയോഗിക്കുന്നത്‌ അല്ലാഹുവിന്റെ അടുക്കല്‍ ശിക്ഷാര്‍ഹമായ പാപമാണെന്ന്‌ പറയേണ്ടതില്ല. എന്നാല്‍, നിര്‍ബന്ധിതാവസ്ഥ നേരിടുന്ന പക്ഷം, അപ്പോള്‍ അവ ഉപയോഗിക്കുന്നതിന്‌ തെറ്റില്ലെന്ന്‌ അല്ലാഹു അറിയിക്കുന്നു. സഹിക്കവയ്യാത്ത വിശപ്പോ ദാഹമോ ഉണ്ടാകുകയും ഇവയില്‍ ഏതെങ്കിലുമല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുകയും ചെയ്യുക എന്നത്രെ നിര്‍ബന്ധിതാവസ്ഥ കൊണ്ടുദ്ദേശ്യം. പക്ഷേ, ഇതിലും ചില ഉപാധികളുണ്ട്‌. നിയമത്തെ ലംഘിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടാവരുത്‌. ആവശ്യത്തില്‍ കവിഞ്ഞുകൊണ്ടുമാവരുത്‌. അഥവാ നിഷിദ്ധ വസ്‌തുക്കളെ ഉപയോഗിക്കുവാന്‍ സ്വന്തം നിലക്ക്‌ ആഗ്രഹം തോന്നാതിരിക്കുകയും, അസഹനീയമായ വിഷമത്തില്‍ നി്‌ന്ന്‌ മോചനം ലഭിക്കുവാനുള്ള അളവില്‍ കവിയാതിരിക്കുകയും വേണം. ഇസ്‌ലാമിക ഭരണകൂടത്തിനെതിരില്‍ രാജ്യദ്രോഹം നടത്തുക, കൊള്ളയും കവര്‍ച്ചയും നടത്തുക മുതലായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്‌ നിമിത്തമാണ്‌ നിര്‍ബന്ധിതാവസ്ഥ നേരിട്ടതെങ്കില്‍, ഈ ആനുകൂല്യം അങ്ങിനെയുള്ളവര്‍ക്ക്‌ ബാധകമാകുന്നതല്ലെന്ന്‌ ഈ ഉപാധികളെ വ്യാഖ്യാനിച്ചുക്കൊണ്ട്‌ ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ തെറ്റായത്‌ കൊണ്ട്‌ ഒരാള്‍ അയാളുടെ ജീവനെ പട്ടിണിയിട്ട്‌ കൊല്ലുകയെന്ന തെറ്റ്‌ ഇല്ലാതാകുന്നു. അത്‌കൊണ്ട്‌ നിര്‍ബന്ധിതാവസ്ഥയിലുള്ള ഈ ആനുകൂല്യം അവര്‍ക്കും ബാധകം തന്നെയാണെന്നുമാണ്‌ ഇബ്‌നു ജരീര്‍(റ) മുതലായവരുടെ അഭിപ്രായം. ഈ ആനുകൂല്യത്തെയും ഉപാധിയെയും സംബന്ധിച്ച്‌ മാഇദഃയിലെ ആയത്തിലെ വാചകം ഇപ്രകാരമാകുന്നു (എന്നാല്‍, ആരെങ്കിലും കുറ്റത്തിലേക്ക്‌ ചായ്‌വ്‌ കാണിക്കാതെ കഠിന വിശപ്പിലായി നിര്‍ബ്ബന്ധിതനായാല്‍, അപ്പോള്‍ അല്ലാഹു നിശ്ചയമായും പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു)


കടപ്പാട്‌: കെ.എന്‍.എം. പ്രസിദ്ധീകരിച്ച വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ്‌ അമാനി മൗലവി
വീഡിയോ: ഐ-മീഡിയ

No comments:

Post a Comment