ഇരുമ്പും ക്വുര്‍ആനും

''തീര്‍ച്ചയായും, നമ്മുടെ റസൂലുകളെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിട്ടുണ്ട്‌. മനുഷ്യര്‍ നീതിമുറയനുസരിച്ച്‌ നിലകൊള്ളുവാന്‍വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും, (നീതിയാകുന്ന) തുലാസ്സും ഇറക്കുകയും ചെയ്‌തിരിക്കുന്നു. ഇരുമ്പ്‌ നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധനശക്തിയും, ജനങ്ങള്‍ക്ക്‌ പല ഉപയോഗങ്ങളും ഉണ്ട്‌. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത്‌ ആരാണെന്ന്‌ അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്‌). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌.'' (ഹദീദ്‌ : 25)
മനുഷ്യസമുദായം നീതിയും നെറിയും അനുസരിച്ച്‌ നിലകൊള്ളുന്നതിനാവശ്യമായ തെളിവുകളും' ലക്ഷ്യങ്ങളും ഉപദേശനിര്‍ദ്ദേശങ്ങളും സഹിതം വേദഗ്രന്ഥങ്ങളും, നീതിയുടെ മാനദണ്‌ഡങ്ങളും നിയമവ്യവസ്ഥകളുമാകുന്ന തുലാസ്സുകളും കൊണ്ടാണ്‌ ഓരോ കാലത്തും അല്ലാഹു അവന്റെ ദൂതന്‍മാരെ അയച്ചിരിക്കുന്നത്‌. എന്നിട്ട്‌ പിന്നെയും കുഴപ്പത്തിനും അക്രമത്തിനും മുതിരുന്നവരെ ബലംപ്രയോഗിച്ചു ഒതുക്കിനിറുത്തേണ്ടതിന്‌ വേണ്ടുന്ന ഉപാധികളും അവന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതത്രെ, ഇരുമ്പ്‌. ആയോധനവേളയില്‍ ഇരുമ്പിന്റെ ഉപയോഗം പറയേണ്ടതില്ലല്ലോ. യുദ്ധത്തിലും, പ്രതിരോധത്തിലും മാത്രമല്ല, മനുഷ്യന്റെ നിത്യാവശ്യങ്ങളിലും ഇരുമ്പിന്റെ ഉപയോഗം ധാരാളമാണ്‌. ഇതിനെല്ലാംകൂടിത്തന്നെയാണ്‌ അല്ലാഹു ഭൂമിയില്‍ ഇരുമ്പ്‌ നിക്ഷേപിച്ചിരിക്കുന്നതും, മറ്റൊരു ഉദ്ദേശംകൂടി അതിലുണ്ട്‌. അല്ലാഹുവും അവന്റെ റസൂലുകളും നിര്‍ദ്ദേശിക്കുന്ന നീതിമാര്‍ഗങ്ങള്‍ക്ക്‌ തടസ്സം സൃഷ്‌ടിക്കുന്ന ദുശ്ശക്തികള്‍ക്കുനേരെ അതിനെ ഉപയോഗപ്പെടുത്തി അവരെ പരാജയപ്പെടുത്തുകയും, അങ്ങനെ,അല്ലാഹുവിന്റെയും റസൂലുകളുടെയും പക്ഷത്തെ സഹായിക്കുകയും ചെയ്യുന്നവരെ മറ്റുള്ളവരില്‍നിന്ന്‌ പ്രത്യക്ഷത്തില്‍തന്നെ വേര്‍തിരിച്ചു കാണുക. ഇതാണത്‌.
മീസാന്‍ എന്നാല്‍ തൂക്കിക്കണക്കാക്കുന്നത്‌- അഥവാ തുലാസ്സ്‌- എന്ന്‌ വാക്കര്‍ത്ഥം. സത്യാസത്യങ്ങളും, ന്യായാന്യായങ്ങളും തൂക്കിക്കണക്കാക്കുന്ന മാനദണ്‌ഡം എന്നത്രെ ഇവിടെ വിവക്ഷ. സാധനങ്ങള്‍ തൂക്കിക്കണക്കാക്കുവാനുള്ള സാധാരണ തുലാസ്സും ആ ഇനത്തില്‍ ഉള്‍പ്പെടുന്ന ഒന്നുതന്നെ. ബഅ്‌സ്‌ എന്നാല്‍ `ശക്തി, സമരശക്തി, ധീരത, ഭയം' എന്നൊക്കെയാണര്‍ത്ഥം. യുദ്ധവേളയില്‍ പ്രകടമാകുന്ന ശക്തിയും ധീരതയുമാണിവിടെ ഉദ്ദേശ്യം. അദൃശ്യമായ നിലയില്‍ സഹായിക്കുക എന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിനെ നേരില്‍ കാണാതെത്തന്നെ അവനെ- അവന്റെ മാര്‍ഗത്തെ- സഹായിക്കുക എന്നായിരിക്കാം. അല്ലെങ്കില്‍, അല്ലാഹുവിനെയും റസൂലുകളെയും സഹായിക്കുക എന്ന ഉദ്ദേശ്യം മനസ്സില്‍വെച്ചുകൊണ്ട്‌ സഹായിക്കുക എന്നും ആവാം. മനസ്സിലെ ഉദ്ദേശ്യം പുറമെ ദൃശ്യമാകുകയില്ലല്ലോ. ഈ രണ്ട്‌ പ്രകാരത്തിലും ഇവിടെ വ്യാഖ്യാനം നല്‍കപ്പെട്ടുകാണാം.
മനുഷ്യസമുദായം നീതിമുറതെററാതെ നിലകൊള്ളുവാന്‍ ഉപദേശങ്ങളും തെളിവുകളും മാത്രം മതിയാക്കുകയില്ലെന്നും, അതിനുവേണ്ടി ചിലപ്പോള്‍ ബലവും പ്രയോഗിക്കേണ്ടിവന്നേക്കുമെന്നും, അതിനുള്ള സജ്ജീകരണങ്ങള്‍ കരുതിവെക്കുകകൂടി വേണ്ടതുണ്ടെന്നും ഈ വചനത്തില്‍ സൂചനയുണ്ട്‌. 






No comments:

Post a Comment