നക്ഷത്രങ്ങളും കൊള്ളിമീനും

തീര്‍ച്ചയായും ഏറ്റവും അടുത്ത ആകാശത്തെ (നക്ഷത്ര) വിളക്കുകള്‍കൊണ്ട്‌ നാം അലങ്കരിച്ചിട്ടുണ്ട്‌. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരിക്കുന്നു. അവര്‍ക്ക്‌ ജ്വലിക്കുന്ന അഗ്നി നരക ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്‌തിരിക്കുന്നു. (മുല്‍ക്‌ : 5)


എണ്ണമറ്റ നക്ഷത്രങ്ങളെ അല്ലാഹു സൃഷ്‌ടിച്ചിട്ടുണ്ട്‌. ഭൂമിയെക്കാളും എത്രയോ മടങ്ങുവലുപ്പം കൂടിയവയും, ഭൂമിയില്‍നിന്ന്‌ ബഹുദൂരം സ്ഥിതിചെയ്യുന്നവയുമാണ്‌ അവ. അഥവാ ഓരോന്നും ഓരോ മഹാലോകമത്രെ. നമുക്ക്‌ ഊഹിക്കുവാന്‍പോലും സാധ്യമല്ലാത്ത എന്തൊക്കെയോ സംഭവങ്ങളും, ഏതൊക്കെയോ വസ്‌തുക്കളും അവയില്‍ നടമാടുന്നുണ്ടായിരിക്കും. അതോടൊപ്പംതന്നെ, ഭൂമിക്കുമീതെ വളരെ കമനീയമായി നിര്‍മിക്കപ്പെട്ട അതിവിശാലവും കലാമയവുമായ ഒരു പന്തലിന്റെ മുകള്‍ഭാഗത്ത്‌ മിന്നിത്തിളങ്ങിയും, കത്തിശോഭിച്ചുംകൊണ്ടിരിക്കുന്നു ദീപാലങ്കാരമായും അല്ലാഹു അവയെ ആക്കിവെച്ചിരിക്കുന്നു. കൂടാതെ, ആകാശത്തുവെച്ച്‌ മലക്കുകള്‍ക്കിടയില്‍ നടക്കുന്ന ചില സംസാരങ്ങളെ പതിയിരുന്ന്‌ കട്ടുകേള്‍ക്കുന്ന പിശാചുക്കളെ ആട്ടിയോടിക്കുവാനുള്ള ഒരു ഏര്‍പ്പാടും ആ നക്ഷത്രങ്ങള്‍ വഴി അല്ലാഹു ചെയ്‌തുവെച്ചിരിക്കുന്നു. അഥവാ അവയില്‍നിന്ന്‌ പുറത്തുവരുന്ന ഒരു തരം അഗ്നിജ്വാലകളാകുന്ന ഉല്‍ക്കകള്‍മൂലം പിശാചുകള്‍ എറിഞ്ഞാട്ടപ്പെടുന്നു. അങ്ങനെ, ഭൂമിക്കും മനുഷ്യര്‍ക്കും അലങ്കാരവസ്‌തുക്കളായും, പിശാചുക്കള്‍ക്ക്‌ അഗ്നിയമ്പുകളായും അല്ലാഹു അവയെ നിശ്ചയിച്ചിരിക്കുകയാണ്‌.
ഏറ്റവും അടുത്ത ആകാശം എന്ന്‌ പറഞ്ഞത്‌ ഭൂമിയുമായി കൂടുതല്‍ അടുത്തത്‌ എന്ന ഉദ്ദേശ്യത്തിലാകുന്നു. അപ്പോള്‍, നാം കാണുന്ന നക്ഷത്രഗോളങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്‌ ആ ഒരു ആകാശത്തിലാണെന്നും ഏഴ്‌ ആകാശങ്ങളില്‍ ബാക്കി ആറും അതിനുപുറമെ- അതിന്നപ്പുറത്ത്‌ -സ്ഥിതിചെയ്യുന്നുണ്ടെന്നും, മനുഷ്യന്റെ കഴിവില്‍പെട്ട എല്ലാ നിരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും ഈ ഒരേ ആകാശാതിര്‍ത്തിക്കുള്ളില്‍ മാത്രം നടക്കുന്നതാണെന്നും ഇതില്‍നിന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു.
റുജൂമ്‌ എന്ന വാക്കിനാണ്‌ `എറിഞ്ഞാട്ടുന്നവ' എന്ന്‌ നാം അര്‍ത്ഥം കല്‍പിച്ചിരിക്കുന്നത്‌. നക്ഷത്രങ്ങളില്‍നിന്ന്‌ പുറപ്പെടുന്ന ഉല്‍ക്കകളാല്‍ പിശാചുക്കളെ എറിഞ്ഞാട്ടുന്ന വിവരം സൂ: ഹിജ്‌ര്‍, സ്വാഫ്‌ ഫാത്ത്‌, ജിന്ന്‌ മുതലായ സൂറത്തുകളില്‍ ക്വുര്‍ആന്‍ വ്യക്തമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്‌, അതാണ്‌ ഇവിടെയും സൂചിപ്പിച്ചിരിക്കുന്നത്‌. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം പൊതുവില്‍ അംഗീകരിച്ച അര്‍ത്ഥവും അതാണ്‌. ഏതോ ചിലര്‍ മാത്രം അതിന്‌ `ഊഹങ്ങള്‍' -അഥവാ ഊഹത്തിന്‌ വിധേയമായവ എന്ന്‌ അര്‍ത്ഥം കല്‍പിച്ചു കാണാം. നക്ഷത്രങ്ങളുടെ ഗതിവിഗതികളെ അടിസ്ഥാനമാക്കി ഭാവികാര്യങ്ങളെക്കുറിച്ചും മറ്റും ഗണിച്ചു പറയുന്ന ജോത്സ്യക്കാരും, രാശിനോട്ടക്കാരുമാകുന്ന മനുഷ്യപിശാചുക്കളുടെ ഊഹങ്ങള്‍ക്ക്‌ നക്ഷത്രങ്ങള്‍ ഇടമായിത്തീരുന്നു എന്നാണ്‌ അപ്പോള്‍ ആ വാക്യത്തിന്റെ താല്‍പര്യം. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ തന്നെയും അവമൂലം പിശാചുക്കള്‍ എറിഞ്ഞാട്ടപ്പെടുന്നുവെന്നുള്ളതിന്‌ ഈ വാക്യം ഒരുപ്രകാരത്തിലും എതിരാകുന്നില്ല. ഇത്‌ ഒരു വിഷയം അത്‌ മറ്റൊരു വിഷയം. അത്രമാത്രം. പിശാചുക്കളുടെ കട്ടുകേള്‍വിയെയും, അവരെ ഉല്‍ക്കകള്‍കൊണ്ട്‌ എറിഞ്ഞാട്ടുന്നതിനെയും നിഷേധിക്കുന്ന യുക്തിവാദക്കാരായ ചില പുത്തന്‍ വ്യാഖ്യാനക്കാര്‍ ഈ അര്‍ത്ഥം പൊക്കിപ്പിടിച്ചുകൊണ്ട്‌ ആ വിഷയകമായി വന്നിട്ടുള്ള എല്ലാ ക്വുര്‍ആന്‍ വചനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്‌. ഇവരെപ്പറ്റി സൂ: ഹിജ്‌റിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വേണ്ടത്ര സംസാരിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ട്‌ ഇവിടെ ഒന്നും പ്രസ്‌താവിക്കുന്നില്ല.

No comments:

Post a Comment