ഒട്ടകം, മരുഭൂമിയിലെ ദൈവികദാനം

``എന്നാല്‍, അവര്‍ ഒട്ടകത്തിലേക്ക്‌ നോക്കുന്നില്ലേ, അതെങ്ങനെ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവെന്ന്‌?!-'' (സൂറത്തുല്‍ ഗാശിയഃ : 17)

       തുളഞ്ഞ ബുദ്ധിയോ കവിഞ്ഞ പഠിപ്പോ ഒന്നുമില്ലാത്ത സാധാരണ ജനങ്ങള്‍ക്കുപോലും സുപരിചിതവും, ചിന്തിച്ചറിയുവാന്‍ പോരുന്നതുമായ ചില നിത്യദൃഷ്‌ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അല്ലാഹു മനുഷ്യശ്രദ്ധയെ തട്ടി ഉണര്‍ത്തുകയാണ്‌. മേല്‍പോട്ടുനോക്കിയാല്‍ കാണുന്ന ആകാശം, നാലുപാടും നോക്കിയാല്‍ കാണുന്ന പര്‍വതങ്ങള്‍, കീഴ്‌പോട്ട്‌ നോക്കിയാല്‍ കാണുന്ന ഭൂമി, സുപരിചിതവും അറബികളുടെ നിത്യോപയോഗ വസ്‌തുവായ ഒട്ടകം എന്നിങ്ങനെയുള്ളവയെ ആര്‍ സൃഷ്‌ടിച്ചു? ഓരോന്നും എത്ര സമര്‍ത്ഥവും കലാപരവുമായ രീതിയിലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌? ഓരോന്നും എത്രമാത്രം പ്രയോജനകരമായ വ്യവസ്ഥയിലാണ്‌ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്‌? ഓരോന്നിലും അടങ്ങിയ സൃഷ്‌ടിരഹസ്യങ്ങള്‍ എന്തൊക്കെയാണ്‌? ഇതെല്ലാം നിയന്ത്രിച്ചു കൈകാര്യം നടത്തുന്ന ശക്തി ഏതാണ്‌? എന്നിത്യാദി കാര്യങ്ങളെപ്പറ്റി അവരവരുടെ ബുദ്ധിക്കനുസരിച്ച്‌ ആലോചിച്ചുനോക്കുന്ന ഏതൊരു നിഷ്‌കളങ്ക ഹൃദയന്നും അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ചും, അവന്റെ സര്‍വ്വജ്ഞത, സാര്‍വത്രികമായ കഴിവ്‌ ആദിയായ മഹല്‍ഗുണങ്ങളെക്കുറിച്ചും ബോധം വരാതിരിക്കയില്ല. അതുവഴി, പരലോകം, മരണാനന്തരജീവിതം എന്നിവയുടെ സാധ്യത സമ്മതിക്കേണ്ടിവരികയും, കൂടുതല്‍ അന്വേഷിച്ചറിയുവാനുള്ള പ്രേരണ സംജാതമാകുകയും, അങ്ങനെ ദൈവിക സന്ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ അവ സ്വീകരിക്കുന്നതിന്‌ വിഘാതം ഉണ്ടാവാതിരിക്കുകയും ചെയ്യും. ഇതിലേക്ക്‌ വിരല്‍ ചൂണ്ടുന്ന വചനമാണ്‌ സൂറത്തുല്‍ ഗാശിയഃയിലെ 17ാമത്തെ വചനം.
    ഒട്ടകത്തെപ്പറ്റി ചിന്തിക്കുവാനുള്ള ക്ഷണം അറബികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും അര്‍ത്ഥവത്താകുന്നു. ഒട്ടകം അറബികളുടെ അമൂല്യസമ്പത്താണ്‌. ഈ അടുത്തകാലത്തായി പരിഷ്‌കൃതവാഹനങ്ങളും പുതിയ ജീവിതമാര്‍ഗങ്ങളും നിലവില്‍ വന്നതോടുകൂടി ഒട്ടകത്തിന്റെ പ്രാധാന്യം അറേബ്യായില്‍ കുറെയെല്ലാം കുറഞ്ഞിട്ടുണ്ടെന്നത്‌ വാസ്‌തവമാണ്‌. എന്നാലും മരുപ്രദേശങ്ങളില്‍ ഒട്ടകം ഇന്നും അപ്രധാനമല്ലതന്നെ. മുന്‍കാലത്തെ സ്ഥിതി പറയേണ്ടതുമില്ല. അതിന്റെ പാലും മാംസവും അവരുടെ ആഹാരം. രോമം അവരുടെ വസ്‌ത്രം. തോലാകട്ടെ, പലതരം പാത്രങ്ങളും താമസിക്കുവാനുള്ള തമ്പുകളും നിര്‍മിക്കുവാനും ഉപയോഗിക്കും. യാത്രകളില്‍ സവാരിക്കും, കൃഷിക്ക്‌ വെള്ളം തേവാനും, ഭാരങ്ങള്‍ വഹിക്കുവാനും ഒട്ടകംതന്നെ. `മരുക്കപ്പല്‍' എന്ന പേരുകൊണ്ടുതന്നെ ഒട്ടകത്തിന്റെ പ്രയോജനത്തെപ്പറ്റി നമുക്ക്‌ ഊഹിക്കാം. വെള്ളവും തണലുമില്ലാത്ത - മരുപ്പച്ച കാണാത്ത- കണ്ണെത്തുവാന്‍ കഴിയാത്ത -സമുദ്രസമാനമായ മണലാരണ്യങ്ങളില്‍കൂടി ദീര്‍ഘയാത്രകള്‍ നടത്തുവാന്‍ തക്കവണ്ണം അല്ലാഹു ഒട്ടകത്തിന്‌ കൊടുത്തിട്ടുള്ള കെല്‍പും സവിശേഷശക്തിയും ആലോചിച്ചുനോക്കുക! കിട്ടിയ ഭക്ഷണംകൊണ്ടത്‌ തൃപ്‌തിപ്പെടും. മാസത്തോളം വെള്ളം കുടിക്കാതെ കഴിഞ്ഞുകൊള്ളും. യജമാനന്റെ ഹിതമറിഞ്ഞു സവിനയം അത്‌ പെരുമാറും. വന്‍മരുഭൂമികളില്‍ സഞ്ചാരം പതിവാക്കുന്ന ഒട്ടകത്തിന്‌ മറ്റ്‌ മൃഗങ്ങളെപ്പോലെ ദിനംപ്രതി ഭക്ഷണവും വെള്ളവും കിട്ടുവാന്‍ മാര്‍ഗമില്ലെന്ന്‌ അതിനെ സൃഷ്‌ടിച്ചുരൂപം നല്‍കിയ സ്രഷ്‌ടാവിനറിയാമല്ലോ. അതുകൊണ്ട്‌ വെള്ളം സുലഭമായി കിട്ടുന്ന അവസരത്തില്‍ കുറേ അധികം വെള്ളം അകത്താക്കി സൂക്ഷിച്ചുവെക്കുവാനുള്ള ചില ഉള്ളറകള്‍ അല്ലാഹു അതിന്‌ നല്‍കിയിരിക്കുന്നു. അതുപോലെത്തന്നെ, സൗകര്യപ്പെടുമ്പോള്‍ കിട്ടുന്ന ഭക്ഷണത്തിന്റെ സത്തുക്കള്‍ ശേഖരിച്ചു വെക്കുവാനുള്ള ഒരു പത്തായവും നല്‍കിയിരിക്കുന്നു. അതത്രെ ഒട്ടകത്തിന്റെ പൂഞ്ഞ. മണല്‍പൂഴിയില്‍ ആണ്ടുപോകാതിരിക്കുവാന്‍ വേണ്ടി കാലുകള്‍ പൊക്കുമ്പോള്‍ ഇറുക്കിക്കൂടുകയും നിലത്തുവെക്കുമ്പോള്‍ വികസിച്ചു പരക്കുകയും ചെയ്യുമാറുള്ള കാലടികളും അവക്ക്‌ നല്‍കിയിരിക്കുന്നു. ഒട്ടകത്തിന്റെ ക്ഷമയും സഹനവും നിസ്സീമമാണ്‌. കാലുകെട്ടി നിലത്തുവീഴ്‌ത്താതെ- നിന്നനിലയില്‍ തന്നെ- അതിനെ അറുത്തുവീഴ്‌ത്തുവാന്‍ അത്‌ കഴുത്തു നീട്ടിക്കൊടുക്കും.
    ഇതെല്ലാം ഏതെങ്കിലും ഒരു അറബിവിദഗ്‌ദ്ധന്റെയോ, ആഗോളശാസ്‌ത്രജ്ഞന്‍മാരുടെയോ കണ്ടുപിടുത്തമോ ആസൂത്രണമോ അല്ല. അല്ലെങ്കില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു പ്രകൃതിയുടെ വികൃതിയും അല്ല. എല്ലാം സൃഷ്‌ടിച്ചു വ്യവസ്ഥപ്പെടുത്തി അതതിന്‌ വേണ്ടുന്ന മാര്‍ഗദര്‍ശനം നല്‍കിയ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തനം! ഇങ്ങനെയുള്ള നിത്യസത്യങ്ങളാകുന്ന ദൃഷ്‌ടാന്തങ്ങളില്‍ ചിന്തിക്കുവാന്‍ മനുഷ്യരെ ക്ഷണിച്ചുകൊണ്ട്‌ അല്ലാഹു നബി (സ്വ)യോട്‌ പറയുന്നു:-



കടപ്പാട്‌: കെ.എന്‍.എം. പ്രസിദ്ധീകരിച്ച വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ്‌ അമാനി മൗലവി
വീഡിയോ: ക്രിയേറ്റീവ്‌ മീഡിയ, കൊച്ചി

No comments:

Post a Comment